തകർന്ന സമ്പദ് വ്യവസ്ഥയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോഡിയും ബിജെപിയും ജനങ്ങളെ വിഭജിക്കുന്നു; ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോഡി തകർക്കുന്നു: ദി എക്കണോമിസ്റ്റ്

ന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുകയും ജനാധിപത്യത്തെ തകർക്കുകയും ചെയ്യുന്ന ശക്തികളായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയേയും വിശേഷിപ്പിച്ച് വിമർശന കുറിപ്പുമായി ദി എക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മോഡി സർക്കാർ തകർക്കുകയാണെന്നും മാസിക കവർ സ്‌റ്റോറിയിലൂടെ വിമർശിച്ചു. ജനങ്ങൾ ഏറെ എതിർക്കുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുന്നതിനിടെയാണ് എക്കണോമിസ്റ്റ് മാസികയുടെ വിമർശനം.

പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ചേർന്ന് ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അപകടത്തിലാക്കുന്നത് എങ്ങനെയെന്ന് മാസികയുടെ കവർ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് മാസിക കുറിച്ചു. മോഡി രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും രാജ്യത്തെ ഹിന്ദുരാജ്യമാക്കി മാറ്റാൻ പ്രധാനമന്ത്രി ശ്രമിക്കുന്നതായി 20 കോടിയോളം വരുന്ന മുസ്ലീം ജനത ഭയക്കുന്നുവെന്നും മാസികയിലെ കുറ്റപ്പെടുത്തുന്നു. ബിജെപി അധികാരത്തിൽ വന്നതിന് ശേഷം സമ്പദ്വ്യവസ്ഥയിലുണ്ടായ തിരിച്ചടികളേപ്പറ്റിയുള്ള ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതാണ് പുതിയ നീക്കങ്ങളെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു

ബിജെപി രാമജന്മഭൂമി വിഷയം മുതലെടുത്ത് ഇക്കാലം വരേയും വളർന്നതെങ്ങനെയെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോഡിയും അദ്ദേഹത്തിന്റെ പാർട്ടിയും നേട്ടങ്ങൾ കൊയ്യുന്നുവെന്നും ലേഖനം വിമർശനമുന്നയിക്കുന്നുണ്ട്. രാജ്യത്തെ യഥാർഥ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ കഷ്ടത്തിലാക്കുമെന്നും ലേഖനത്തിൽ പറയുന്നു. രജിസ്റ്റർ നടപടി വർഷങ്ങളോളം നീണ്ടുനിൽക്കുന്നതാണ്. ലിസ്റ്റ് തയ്യാറായാൽ തന്നെ അത് പുനഃപരിശോധനയ്ക്കും ഇതിനെ എതിർക്കുന്നതും നടന്നുകൊണ്ടേയിരിക്കുമെന്നും ലേഖനത്തിൽ നിരീക്ഷിക്കുന്നു.

അതേസമയം, ലേഖനത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുമുണ്ട്. എക്കണോമിസ്റ്റ് മാസിക കോളോണിയൽ ചിന്താഗതിയുള്ള ധിക്കാരിയെന്നാണ് ബിജെപി നേതാവ് ഡോ. വിജയ് ചൗട്ടായ്വാലെ പ്രതികരിച്ചത്.

Exit mobile version