അവസാനമായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്; നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി ,ശിക്ഷ ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസിലെ നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. എന്നാല്‍ കേസിലെ നാല് പ്രതികളും നോട്ടീസിന് മറപടി നല്‍കിയില്ല. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കില്‍, അത് മറ്റൊരാള്‍ക്ക് കൈമാറാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ? എന്നീ ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്.

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. മുകേഷിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചത്.

2012 ഡിസംബര്‍ 16ന് നടന്ന കൂട്ടബലാത്സംഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി റാം സിങ്ങ്, അയാളുടെ സഹോദരന്‍ മുകേഷ് സിങ്ങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് സിങ്ങ് കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇങ്ങനെ നീളുന്നു ഈ പ്രതിപട്ടിക. ഇതില്‍ ഒന്നാം പ്രതി റാം സിങ്ങ് ജയിലില്‍ വച്ച് മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ജുവനൈല്‍ പ്രതി മൂന്ന് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തിരുന്നു. ബാക്കിയുള്ള നാല് പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കാനിരിക്കുന്നത്.

Exit mobile version