പൗരത്വ നിയമ ഭേദഗതിക്ക് സ്‌റ്റേയില്ല; എൻപിആർ മാറ്റിവെയ്ക്കില്ല; കേന്ദ്രത്തിന് നാലാഴ്ച സമയം; ഹർജികൾ രണ്ടായി പരിഗണിക്കുമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് മറുപടി പറയാൻ നാലാഴ്ചത്തെ സമയം അനുവദിച്ച് സുപ്രീംകോടതി വിധി. 140 ഹർജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹർജികളിൽ മാത്രമാണ് കേന്ദ്രം എതിർ സത്യവാങ്മൂലം നൽകിയത്. 80 ഹർജികളിൽ മറുപടി നൽകാൻ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച കോടതി നാലാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു. ഹർജികൾ രണ്ടായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ആസാം, ത്രിപുര ഹർജികൾ പ്രത്യേകം പരിഗണിക്കും. അഞ്ചാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. എൻപിആർ മാറ്റിവെയ്ക്കില്ലെന്നും കോടതി പറഞ്ഞു.

ഉത്തരവുകൾ ലിസ്റ്റ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് മറ്റംഗങ്ങൾ. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതികൾ ഇനി പരിഗണിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

അതേസമയം, സ്റ്റേ വേണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ നിർദേശം മുന്നോട്ട് വെച്ചു. ഇതിനെ അറ്റോർണി ജനറൽ എതിർത്തു. സ്റ്റേയ്ക്ക് തുല്യമാണ് ഈ നിർദേശമെന്നായിരുന്നു എജിയുടെ വാദം.

വാദം കേൾക്കാനായി അഭൂതപൂർവ്വമായ തിരക്കാണ് ഹർജി പരിഗണിക്കുന്ന ഒന്നാം നമ്പർ കോടതി മുറിക്കുള്ളിലുണ്ടായിരുന്നത്. 140 ഹർജിക്കാർ ഉള്ളതിനാലാണ് തിരക്കെന്നും കോടതിയിൽ പ്രവേശനങ്ങൾക്ക് നിയന്ത്രണം വേണമെന്നും ചീഫ് ജസ്റ്റിസിനോട് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. യുഎസ്, പാകിസ്താൻ സുപ്രീം കോടതികളിൽ ഇത്തരത്തിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഇതിനെ പിന്തുണച്ചതോടെ വേണ്ടത് ചെയ്യാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

Exit mobile version