മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവം; പ്രതി പോലീസില്‍ കീഴടങ്ങി

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാള്‍ പോലീസില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു ആണ് ബംഗളൂരു ഹലസൂരു പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരുടെ മുറിയുടെ അടുത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എത്തി ഉടന്‍ തന്നെ ബോംബ് നിര്‍വീര്യമാക്കിയിരുന്നു. വിമാനത്താവളത്തിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. ഇയാളുടെ ചിത്രങ്ങള്‍ മംഗളൂരു പൊലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.

പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി തുളു ഭാഷയിലാണ് സംസാരിച്ചിരുന്നതെന്ന് ഇയാളെ വിമാനത്താവളത്തിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രതി മംഗളൂരു വിമാനത്താവളത്തിന് സമീപമെത്തിയത്. അപ്പോള്‍ ഇയാളുടെ പക്കല്‍ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് സമീപത്തുള്ള കടയുടെ വരാന്തയില്‍ വെച്ചതിന് ശേഷമാണ് ഓട്ടോയില്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് കൈയിലുണ്ടായ ബാഗ് ടെര്‍മിനലിന് സമീപം വെച്ചതിന് ശേഷം ഇയാള്‍ തിരിച്ച് ഓട്ടോയില്‍ കയറി കടയില്‍ വച്ച ബാഗുമായി പമ്പ്വല്‍ ജംഗ്ഷനില്‍ ഇറങ്ങിയെന്നുമാണ് ഓട്ടോ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. കീഴടങ്ങിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Exit mobile version