കെജരിവാളിനെതിരെ സുനില്‍ യാദവ്; ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുളള ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. പത്ത് പേര് അടങ്ങുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്.

മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് എതിരെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുന്നത് ഡല്‍ഹി യുവമോര്‍ച്ച പ്രസിഡന്റ് സുനില്‍ യാദവാണ്. കൂടാതെ ഡല്‍ഹി ബിജെപി വക്താവ് തജീന്ദ്രപാല്‍ സിങ്, മനീഷ് സിങ് എന്നിവരും രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചു. സുമന്‍ലത ഷൊക്കീന്‍, രവീന്ദ്ര ചൗദരി, കുസും കാത്രി, അനില്‍ ഗോയല് തുടങ്ങിയവരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

ആദ്യഘട്ടത്തില്‍ 57 പേരടങ്ങിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. എഴുപത് മണ്ഡലങ്ങളില്‍ ഇനി ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ ഘടക കക്ഷിയായ എല്‍ജെപിക്കും ജെഡിയുവിനും ശിരോമണി അകാലി ദളിനും നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഇത്തവണ എന്‍ഡിഎയ്‌ക്കൊപ്പം തിരഞ്ഞെടുപ്പിനില്ലെന്ന് തിങ്കളാഴ്ച അകാലി ദള്‍ വ്യക്തമാക്കിയിരുന്നു.

എഴുപത് സീറ്റുകളില്‍ 67 എണ്ണം നേടിയാണ് ഡല്‍ഹിയില്‍ ആംആദ്മി കഴിഞ്ഞ തവണ അധികാരം നേടിയത്. മൂന്ന് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 11 നാണ് വോട്ടെണ്ണല്‍.

Exit mobile version