ഷഹീൻ ബാഗിലെ സ്ത്രീ പ്രതിഷേധം 500 രൂപ ദിവസക്കൂലി വാങ്ങിയെന്ന് ബിജെപി നേതാവ് മാളവ്യ; മാനനഷ്ടക്കേസ് നൽകി സമരക്കാർ

ന്യൂഡൽഹി:ഡൽഹിയിലെ ഷഹീൻ ബാഗിൽ സ്ത്രീകൾ നടത്തുന്ന രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ ആക്ഷേപിച്ച് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ. ഷഹീൻ ബാഗിലെ സ്ത്രീകൾ പണം വാങ്ങിയാണ് പ്രതിഷേധിക്കുന്നത് എന്നാണ് അമിത് മാളവ്യ ആരോപിച്ചത്. ഇതോടെ മാളവ്യക്കെതിരെ മാനനഷ്ട കേസ് നൽകി സമരം നടത്തുന്ന വനിതകൾ കോടതിയെ സമീപിച്ചു. അപകീർത്തികരമായ പ്രസ്താവന നടത്തിയ അമിത് മാളവ്യ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് സമരം നടത്തുന്ന സ്ത്രീകൾ ആവശ്യപ്പെടുന്നത്.

ഷഹീൻ ബാഗിലെ സ്ത്രീകൾ ദിവസേന 500 രൂപ കൂലി വാങ്ങിയാണ് സമരം ചെയ്യുന്നതെന്നും മാളവ്യ പറഞ്ഞിരുന്നു. ഇതിനായി ഒരു വീഡിയോ ദൃശ്യവും മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനെതിരെയാണ് സമരം ചെയ്യുന്ന വനിതകൾ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. സാകിർ നഗർ സ്വദേശിയായ നഫീസ ബാനു, ഷഹീൻ ബാഗ് സ്വദേശിയായ ഷഹ്‌സാദ് ഫാതിമ എന്നിവരാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. അഭിഭാഷകനായ മെഹ്മൂദ് പ്രചയാണ് പ്രതിഷേധക്കാർക്കായി മാളവ്യക്ക് നോട്ടീസ് അയച്ചത്.

സ്ഥാപിത താൽപര്യത്തോടെ അമിത് മാളവ്യ ജനകീയ സമരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയെന്ന് നോട്ടീസിൽ പറയുന്നു. വനിതകളായ പ്രതിഷേധക്കാരെ അപമാനിക്കുന്ന തരത്തിൽ വ്യാജ വീഡിയോ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചത് തെറ്റാണെന്നും ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും നോട്ടീസിൽ പറയുന്നു. സിഎഎ, എൻആർസി, എൻപിആർ എന്നിവക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധ ധർണ 36 ദിവസം പിന്നിട്ടിരിക്കുകയാണ്.

Exit mobile version