ശ്രീനഗർ: ഹിസ്ബുൾ കമാൻഡർ നവീദ് ബാബുവിനേയും സംഘത്തേയും ഡൽഹിയിലേക്ക് കടത്തുന്നതിനിടെ പിടിയിലായ ഡിഎസ്പി ദേവീന്ദർ സിങിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ദേവീന്ദറിന് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് എൻഐഎ സംശയം. ഇക്കാര്യം എൻഐഎ അന്വേഷിക്കും. ഹിസ്ബുൾ മുജാഹിദീൻ കമാൻഡറായ നവീദ് ബാബു, പുതിയതായി റിക്രൂട്ട് ചെയ്ത ആതിഫ്, അഭിഭാഷകനായ മിർ മുഹമ്മദ് എന്നിവർക്കൊപ്പാണ് ദേവീന്ദർ സിങ് പിടിയിലായത്. കാറിൽ യാത്രചെയ്യുകയായിരുന്ന സംഘത്തിൽ നിന്നും മാരക ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.
ദേവീന്ദറിന്റെ അറസ്റ്റ് വലിയ വിവാദമാകുന്നതിനിടെയാണ് മുമ്പ് പാർലമെന്റ് ആക്രമണകേസിലെ പ്രതി അഫ്സൽ ഗുരു എഴുതിയ കത്ത് വീണ്ടും ചർച്ചയായത്. ഈ കത്തിൽ ദേവീന്ദറുമായുള്ള ബന്ധവും 2001 പാർലമെന്റ് ആക്രമണ കേസിൽ ദേവീന്ദർ സിങിന് പങ്കുണ്ടെന്നും പരാമർശിക്കപ്പെട്ടിരുന്നു. ഈ കത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
7.5 ലക്ഷം രൂപയുടെ നോട്ടുകൾ ദേവീന്ദർ സിങിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ദേവീന്ദറിന്റെ പണ ഇടപാടുകൾ പരിശോധിക്കുന്നതിനായി ജമ്മു കശ്മീർ പോലീസ് ബാങ്ക് അക്കൗണ്ടും പരിശോധിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ നവീദ് ബാബുവിന് 12 ലക്ഷം രൂപ കൈപ്പറ്റിയാണ് ദേവീന്ദർ സിങ്ങ് യാത്രാ സൗകര്യം ഒരുക്കി നൽകിയതെന്നാണ് മൊഴി. എന്നാൽ നവീദിന്റെ തലയ്ക്ക് 20 ലക്ഷം രൂപ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്ന് ജമ്മു കാശ്മീർ പോലീസ് വ്യക്തമാക്കി.
അതുകൊണ്ടുതന്നെ, ദേവീന്ദറിന് ജെയ്ഷെ ഇ മുഹമ്മദ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നുണ്ട്. 1990ൽ പാക് തീവ്രവാദിയായ മുഹമ്മദിന് കാശ്മീരിൽ നിന്നും ഡൽഹിയിലേക്ക് യാത്രാ സൗകര്യം ഒരുക്കി നൽകിയത് ദേവീന്ദറാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2001ൽ പാർലമെന്റ് ആക്രമണത്തിനിടെ സുരക്ഷാ സേന മുഹമ്മദിനെ കൊലപ്പെടുത്തിയിരുന്നു. ഡൽഹി ഗുരുഗ്രാമിൽ നിന്നും 2005ൽ അറസ്റ്റിലായ നാല് തീവ്രവാദികൾക്ക് യാത്രാ സൗകര്യം ഒരുക്കി നൽകിയതും ദേവീന്ദറാണെന്നാണ് സംശയം. ഇവരിൽ നിന്നും തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ തീവ്രവാദികളിൽ ഒരാളായ ഹാസി ഗുലാം മൊയ്നുദ്ദീൻ എന്ന തീവ്രവാദിക്ക് പിസ്റ്റലും വയർലെസ് സെറ്റും നൽകിയത് ദേവീന്ദറാണെന്നും കണ്ടെത്തി.
ഇതിനിടെ, 2019ൽ ദേവീന്ദർ സിങ് മൂന്ന് തവണ ബംഗ്ലാദേശിലേക്ക് സഞ്ചരിച്ചതായും ദിവസങ്ങളോളം അവിടെ തങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദേവീന്ദറിന്റെ രണ്ട് മക്കൾ ബംഗ്ലാദേശിലാണ് പഠിക്കുന്നത്. എന്നിരുന്നാലും, പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധപ്പെടുന്നതിനാണ് ദേവീന്ദർ ബംഗ്ലാദേശ് സന്ദർശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ദേവീന്ദറിന്റെ മക്കളുടെ പഠന ചെലവ് വഹിക്കുന്നത് ഐഎസ്ഐ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സാധാരണനിലയിൽ ഇന്ത്യക്കാർ മക്കളെ വിദ്യാഭ്യാസത്തിനായി ബംഗ്ലാദേശിലേക്ക് അയക്കാറില്ലെന്നതാണ് അന്വേഷണ സംഘം നിരീക്ഷിക്കുന്നത്.
ദേവീന്ദറിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ പ്രദേശത്തെ സൈനിക താവളത്തിന്റെ അടക്കം രൂപരേഖ കണ്ടെത്തിയിട്ടുണ്ട്. പോലീസും ഭീകരവാദികളും തമ്മിലുള്ള ബന്ധം ദേവീന്ദറിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.