സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല; കേസില്‍ തെറ്റായ വിചാരണ നടന്നു; നിര്‍ഭയ കേസിലെ പ്രതി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗക്കേസിലെ പ്രതിയായ പവന്‍ ഗുപ്ത വധശിക്ഷയ്‌ക്കെതിരേ വീണ്ടും സുപ്രീംകോടതിയില്‍. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും, കേസില്‍ തെറ്റായ വാദമാണ് നടന്നതെന്നുമാണ് പ്രതി ഹര്‍ജിയില്‍ പറയുന്നത്.

2012ല്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അതിനാല്‍ ജുവനൈല്‍ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ട് വധശിക്ഷ പുനപരിശോധിക്കണം.- എന്നാണ് പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതേ ആവശ്യവുമായി പ്രതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. അതെസമയം കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗ് വധശിക്ഷയ്ക്ക് എതിരെ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി.

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ നേരത്തെ ഡല്‍ഹിയിലെ വിചാരണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ശിക്ഷ ചോദ്യം ചെയ്തു ദയാഹര്‍ജിയും മറ്റും ഹര്‍ജികളും നല്‍കിയതോടെ വിധി ഡല്‍ഹി കോടതി സ്റ്റേ ചെയ്തു. അതിനിടെ നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റുന്നതിന് പുതിയ തീയതിക്കായി അപേക്ഷ നല്‍കി. പബ്ലിക്ക് പ്രോസിക്യൂട്ടറാണ് അപേക്ഷ നല്‍കിയത്.

Exit mobile version