‘സിഎഎ പിന്‍വലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും; രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങളുടെ സമരം; ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്‍ഹി ജമാമസ്ജിദിന് മുന്നില്‍ പ്രതിഷേധവുമായി ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്‍ഹി ജമാമസ്ജിദിന് മുന്നില്‍ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചുകൊണ്ടാണ് ആസാദ് സമരത്തിന്റെ ഭാഗമായത്. ഡല്‍ഹിയില്‍ നിന്നും പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദ് ഇന്നലെയാണ് ജയില്‍ മോചിതനായത്. അടുത്ത ഒരുമാസത്തേക്ക് ഡല്‍ഹിയില്‍പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂര്‍ അദ്ദേഹത്തിന് ഡല്‍ഹിയില്‍ തുടരാമെന്നാണ് കോടതി വിധിച്ചിരുന്നു. ഈ സമയ പരിധി അവസാനിക്കാന്‍ 1 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേയാണ് ചന്ദ്ര ശേഖര്‍ ആസാദ് ജമാ മസ്ജിദിനു മുന്നിലേ പ്രതിഷേധത്തിന്റെ ഭാഗമായത്.

അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞിരുന്നു. കൂടാതെ, ചികിത്സക്കായി ഡല്‍ഹിയില്‍ വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണമെന്നും കോടതി പറഞ്ഞിരുന്നു.പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ 21നാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലായത്.

Exit mobile version