എസ്‌സിഒ ഉച്ചകോടി; പാകിസ്താന്‍ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയിലേക്ക് ഇന്ത്യ ക്ഷണിക്കും. ഉച്ചകോടിയില്‍ ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ന്യൂഡല്‍ഹിയിലാണ് ഈ വര്‍ഷം ഉച്ചകോടി നടക്കുക.

നടപടിക്രമമനുസരിച്ച് എട്ട് അംഗങ്ങളേയും നാല് നിരീക്ഷകരേയും മറ്റു അന്താരാഷ്ട്ര സംഭാഷണ പങ്കാളികളേയും ക്ഷണിക്കുമെന്നും രവീഷ് കുമാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും.

ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്‌സിഒ. 2017-ലാണ് ഇന്ത്യയേയും പാകിസ്താനേയും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തിയത്. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്താന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇതിലെ സ്ഥിരാംഗങ്ങള്‍.

Exit mobile version