പ്രതിഷേധക്കാരെ ഞങ്ങളുടെ സര്‍ക്കാര്‍ നായ്ക്കളെ പോലെ വെടിവെച്ചുകൊന്നു; ബിജെപി അധ്യക്ഷനെതിരെ കേസ്

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ പോലീസ് പ്രതിഷേധക്കാരെ നായ്ക്കളെ പോലെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ പരാമര്‍ശത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ദിലിപ് ഘോഷിനെതിരെ പരാതി നല്‍കിയത്. ‘അസം, കര്‍ണാടക, യുപി എന്നിവിടങ്ങളിലെ ചെകുത്താന്മാരെ നമ്മുടെ സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവെച്ച് കൊലപ്പെടുത്തി’യെന്നായിരുന്നു ദിലിപ് ഘോഷിന്റെ പരാമര്‍ശം.

എന്നാല്‍ സംഭത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും താന്‍ പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ദിലിപ് ഘോഷ് വ്യക്തമാക്കി. എനിക്കെതിരെ ഒരുമാസം ഡസന്‍ കണക്കിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. ഇതും അത്തരത്തിലൊന്നായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്ന് ദിലിപ് ഘോഷ് പ്രതികരിച്ചു.

ബംഗാളില്‍ ഇപ്പോള്‍ വന്ദേ മാതരത്തിനും ജയ് ഹിന്ദിനും പകരം പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് മുഴങ്ങുന്നത്. ബംഗാള്‍ ദേശദ്രോഹികളുടെ കേന്ദ്രമായെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം ദിലിപ് ഘോഷിന്റെ വിവാദ വീഡിയോ പരിശോധിച്ച ശേഷം നടപടി കൈകൊള്ളുമെന്ന് റാണാഘട്ട് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച ബംഗാളിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ദിലീപ് ഘോഷ് വിവാദ പ്രസ്താവന നടത്തിയത്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ മമതയുടെ പോലീസ് നടപടിയെടുത്തില്ല. കാരണം അവര്‍ മമതയ്ക്ക് വോട്ടുനല്‍കുന്നവരാണ്. യുപിയിലും അസമിലും കര്‍ണാടകയിലുമുള്ള ഞങ്ങളുടെ സര്‍ക്കാര്‍ ഇത്തരം ആളുകളെ നായ്ക്കളെ പോലെ വെടിവെച്ചുകൊല്ലുകയാണ് ചെയ്തതെന്ന് ദിലീപ് ഘോഷ് പറഞ്ഞതാണ് പിന്നീട് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

Exit mobile version