ബ്രിട്ടീഷ്-മുഗള്‍ വാസ്തുവിദ്യകളുടെ സങ്കലനം : വിക്ടോറിയ മെമ്മോറിയല്‍ ഹാളിന് നൂറ് വയസ്സ്

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന വിക്ടോറിയല്‍ മെമ്മോറിയല്‍ ഹാളിന് നൂറ് വയസ്സ്. 1921 ഡിസംബര്‍ 28ന് അന്നത്തെ വെയില്‍സ് രാജകുമാരന്‍ (എഡ്വേര്‍ഡ് എട്ടാമന്‍ രാജാവ്) കൊല്‍ക്കത്തയിലെത്തിയാണ് വിക്ടോറിയ മെമ്മോറിയല്‍ ഉദ്ഘാടനം ചെയ്യുന്നത്.

കൊല്‍ക്കത്തയില്‍ ഹൂഗ്ലി നദീ തീരത്ത് സ്ഥിതി ചെയ്യുന്ന സ്മാരകം ടൂറിസ്റ്റുകളുടെയും ചരിത്ര സ്‌നേഹികളുടെയും പ്രധാന സഞ്ചാര കേന്ദ്രവും നഗരത്തിലെ ആകര്‍ഷകങ്ങളായ പൈതൃക നിര്‍മിതികളിലൊന്നുമാണ്.പൂര്‍ണമായും മാര്‍ബിളില്‍ പണികഴിപ്പിച്ചിരിക്കുന്ന മെമ്മോറിയല്‍ ബ്രിട്ടീഷ്-മുഗള്‍ വാസ്തു വിദ്യയുടെ മകുടോദ്ദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.

പണിയേറ്റെടുത്ത കരാറുകാരുടെ പ്രതിനിധിയായി വ്യവസായി രാജേന്ദ്രനാഥ് മുഖര്‍ജി സമ്മാനിച്ച രത്‌നം പതിപ്പിച്ച താക്കോലുപയോഗിച്ചാണ് വെയില്‍സ്‌ രാജകുമാരന്‍ മന്ദിരവാതില്‍ തുറന്നത്. ഇന്ത്യയിലെ അന്നത്തെ പല പ്രമുഖരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. എട്വേര്‍ഡ് എട്ടാമന്റെ അച്ഛനായ അന്നത്തെ വെയില്‍സ്‌ രാജകുമാരന്‍ (പില്‍ക്കാലത്ത് ജോര്‍ജ് അഞ്ചാമന്‍) 1906 ജനുവരി നാലിനാണ് ഈ സ്മാരകത്തിന് തറക്കല്ലിട്ടത്.

അന്ന് കല്‍ക്കട്ട എന്നറിയപ്പെട്ടിരുന്ന കൊല്‍ക്കത്ത ആയിരുന്നു ബ്രിട്ടീഷ് ഭരണത്തിന്റെ ആസ്ഥാനം. പിന്നീട്‌ 1911ല്‍ ജോര്‍ജ് അഞ്ചാമന്‍ ഇത്‌ ഡല്‍ഹിയിലേക്ക് മാറ്റി. 1901ല്‍ വിക്ടോറിയ രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ്‌ കൊല്‍ക്കത്തയില്‍ സ്മാരകം നിര്‍മിക്കണമെന്ന തീരുമാനം ഉടലെടുക്കുന്നത്‌. പതിനഞ്ച് വര്‍ഷം കൊണ്ടായിരുന്നു സ്മാരകത്തിന്റെ നിര്‍മാണം. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റിന്റെ പ്രസിഡന്റായിരുന്ന വില്യം എമ്മേഴ്‌സണായിരുന്നു മുഖ്യശില്‍പി.

താജ്മഹല്‍ പണിയാനുള്ള വെണ്ണക്കല്ലെടുത്ത മക്രാന ഖനികളില്‍ നിന്നുള്ള മാര്‍ബിള്‍ ഉപയോഗിച്ചാണ് വിക്ടോറിയ മെമ്മോറിയലും നിര്‍മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ വാസ്തുവിദ്യയുടെ കൂടെ മുഗള്‍ വാസ്തുവിദ്യ കൂടി ചേര്‍ത്താണ് സ്മാരകത്തിന്റെ നിര്‍മാണം. കൂടാതെ വെനീഷ്യന്‍, ഈജിപ്ഷ്യന്‍, ഇസ്ലാമിക് വാസ്തുവിദ്യകളുടെ സ്വാധീനവും ഇതില്‍ കാണാം. താജ്മഹലിന്റേത് പോലുള്ള താഴികക്കുടവും ഇതിന്റെ വശങ്ങളിലെ ഗോപുരങ്ങളും മിനാരങ്ങളുമെല്ലാം മെമ്മോറിയലിനുമുണ്ട്.

പുസ്തകങ്ങളും പെയിന്റിങ്ങുകളുമടക്കം ഒട്ടേറെ അപൂര്‍വ നിര്‍മിതകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് വിക്ടോറിയ മെമ്മോറിയല്‍. ഷേക്‌സ്പിയറിന്റെ കയ്യെഴുത്തു പ്രതികളും അറേബ്യന്‍ നൈറ്റ്‌സിന്റെ അപൂര്‍വ പ്രതികളും ഒക്കെ ഇവിടെ കാണാന്‍ സാധിക്കും.

വിക്ടോറിയ രാജ്ഞിയുടെയും ആല്‍ബര്‍ട്ട് രാജകുമാരന്റെയും ചിത്രങ്ങളും പെയിന്റിങ്ങുകളും സൂക്ഷിച്ചിരിക്കുന്ന റോയല്‍ ഗാലറി, കൊല്‍ക്കത്തയുടെ ചരിത്രമുറങ്ങുന്ന കൊല്‍ക്കത്ത ഗാലറി എന്നിവയടങ്ങുന്ന ഗാലറികള്‍ ഒരുപാട് അപൂര്‍വതകള്‍ സൂക്ഷിച്ചിരിക്കുന്ന വിക്ടോറിയ മഹലിലെ 35ഓളം ഗാലറികളില്‍ ചിലതാണ്. 1922ലാണ് ഇവ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

Exit mobile version