ബിജെപിക്ക് ഫണ്ട് നൽകി കള്ളപ്പണം വെളുപ്പിക്കുന്ന വിദേശികൾക്ക് പൗരത്വം നൽകാനാണ് മോഡിയുടെ നീക്കം; പാകിസ്താന്റെ ബ്രാന്റ് അംബാസിഡർമാരാണ് ബിജെപിയെന്നും മമത ബാനർജി

കൊൽക്കത്ത: വീണ്ടും പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിനേയും ബിജെപി നേതൃത്വത്തേയും രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യൻ പൗരത്വമുള്ളവരിൽനിന്ന് അത് എടുത്തുമാറ്റാനും ബിജെപിക്ക് ഫണ്ട് നൽകുന്ന വിദേശികൾക്ക് പൗരത്വം നൽകാനുമാണ് ബിജെപിയുടെ നീക്കമെന്ന് മമത ആരോപിച്ചു. ബിജെപിക്ക് വിദേശ ഫണ്ട് നൽകി കള്ളപ്പണം വെളുപ്പിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് അവർ ഇതിലൂടെ പയറ്റുന്ന തന്ത്രമെന്നും മമത കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗം പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് മമതയുടെ ആരോപണങ്ങൾ.

പശ്ചിമ ബംഗാളിലെ ജനങ്ങൾ സുരക്ഷിതരാണ്. ബംഗാളിൽ അവർ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ല. ബിജെപിക്ക് പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയുണ്ടോ? അതോ അവർ പാകിസ്താന്റെ ബ്രാന്റ് അംബാസിഡർമാരായി പ്രവർത്തിക്കുകയാണോ? അതിഥികളോട് എങ്ങനെ പെരുമാറണമെന്ന് നമുക്കറിയാം. ശത്രുക്കളോടുപോലും നാം മാന്യമായാണ് പെരുമാറുന്നത്. എന്നാൽ നമ്മുടെ പാർട്ടി നേതാക്കളെ ജമ്മുവോ ഗുവഹത്തിയോ സന്ദർശിക്കാൻ ബിജെപി അനുവദിക്കില്ലെന്നും മമത കുറ്റപ്പെടുത്തി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം കൊൽക്കത്ത സന്ദർശിച്ചിരുന്നു. മമത ബാനർജി രാജ്ഭവനിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് അവർ പിന്നീട് വ്യക്തമാക്കിയത്.

Exit mobile version