എല്ലാ കേസുകളുടെയും വിവരം ഹാജരാക്കാന്‍ നിര്‍ദ്ദേശം; ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി; ഭീം ആര്‍ മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുക. ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങള്‍ ഇന്ന് ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം ഇന്നലെ ഹര്‍ജി പരിഗണിക്കവേ തീസ് ഹസാരി കോടതി ഡല്‍ഹി പോലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞിരുന്നു.

ജമാ മസ്ജിദില്‍ പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?. ജമാ മസ്ജിദ് എന്താ പാകിസ്താനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാന്‍? ഡല്‍ഹി പോലീസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജമാ മസ്ജിദ് പാകിസ്താനിലാണ് എന്ന്- കോടതി പറഞ്ഞു. ധര്‍ണകളിലും പ്രതിഷേധങ്ങളിലും എന്താണ് തെറ്റെന്നും തീസ് ഹസാരി സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു. പ്രതിഷേധിക്കുക എന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി ജമാ മസ്ജിദിനു സമീപം ഡിസംബര്‍ 21ന് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്.

Exit mobile version