ഡല്‍ഹി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എഎപിയില്‍ പൊട്ടിത്തെറി; സിറ്റിങ് എംഎല്‍എ രാജിവെച്ചു; കെജരിവാള്‍ 20 കോടി രൂപയ്ക്ക് സീറ്റ് വിറ്റുവെന്ന് ആരോപണം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എഎപിയില്‍ പൊട്ടിത്തെറി. ഇത്തവണ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബദര്‍പ്പൂര്‍ സിറ്റിങ് എംഎല്‍എ എന്‍ഡി ശര്‍മ എഎപിയില്‍ നിന്ന് രാജിവെച്ചു.

രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എന്‍ഡി ശര്‍മ ഉയര്‍ത്തിയത്. 20 കോടി രൂപയ്ക്ക് കെജരിവാള്‍ സീറ്റ് വില്‍പ്പന നടത്തിയെന്നാണ് ശര്‍മയുടെ പ്രധാന ആരോപണം.

ഇന്ന് വൈകിട്ടാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക എഎപി പുറത്ത് വിട്ടത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജിലും സത്യേന്ദ്ര ജെയിന് ഷകൂര്‍ ബസ്തിയിലും ജിതേന്ദ്ര തോമര്‍ ട്രി നഗറിലും മത്സരിക്കും. കല്‍കജിയില്‍ നിന്നാണ് അതിഷി ജനവിധി തേടുക.

70 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 46 എംഎല്‍എമാര്‍ക്ക് മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാനായത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 70-ല്‍ 67 സീറ്റുകള്‍ നേടിയാണ് 2015-ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ബാക്കി മൂന്ന് സീറ്റ് ബിജെപിക്കായിരുന്നു.

Exit mobile version