കേരളത്തിന് പിന്നാലെ പഞ്ചാബ് നിയമസഭയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നു

പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് തൊട്ടു പിന്നാലെ ഇതേ രീതി പിന്തുടര്‍ന്ന് പഞ്ചാബും രംഗത്ത്. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കുന്ന പക്ഷം കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാന്‍ സാധ്യതയുണ്ട്.

കേരളത്തിന് പുറമെ പഞ്ചാബും നേരത്തെ പൗരത്വ ഭേദഗതി നിമയത്തിനെതിരെ രംഗത്ത് വന്നിരുന്നു. പൗരത്വ നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് കേരളം സുപ്രീംകോടതിയില്‍ എത്തിയ അതേ ദിവസമാണ് പഞ്ചാബ് സര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യത്തില്‍ കേരളത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചത്.

Exit mobile version