‘ക്രിസ്തുവിന്റെ പ്രതിമ ഇവിടെ വേണ്ട’;കനകപുരയിൽ സ്ഥാപിക്കുന്ന 114 അടി ഉയരമുള്ള ക്രിസ്തുവിന്റെ പ്രതിമയ്‌ക്കെതിരെ പ്രതിഷേധ മാർച്ചുമായി ബിജെപിയും ആർഎസ്എസും

ബംഗളൂരു: കർണാടകയിലെ കനകപുരയിൽ ഉയരുന്ന 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമയ്‌ക്കെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ബിജെപിയും ആർഎസ്എസും. കനകപുര ചലോ എന്ന പേരിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധമാർച്ചിൽ നൂറുകണക്കിന് സംഘപരിവാർ പ്രവർത്തകരാണ് അണിനിരന്നത്. കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ പദ്ധതിയാണ് പ്രതിമ നിർമ്മാണമെന്ന് ആരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം. ഡികെ ശിവകുമാർ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യൻ മത വിഭാഗത്തിന്റെയും തീരുമാനപ്രകാരമാണ് പ്രതിമ നിർമിക്കുന്നതെന്നും തന്റെ തീരുമാനമല്ലെന്നും നിയമപരമായാണ് സ്ഥലം വിട്ടുനൽകിയതെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു.

പ്രദേശത്തെ എംഎൽഎ എന്ന നിലയിൽ താൻ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിമ നിർമ്മിക്കാനായി സ്ഥലം വിട്ടുനൽകിയത് ഉൾപ്പടെ എല്ലാം ചെയ്തത് നിയമപരമായാണ്. പലഭാഗങ്ങളിൽ നിന്നും എന്ത് പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കണമെന്നും അദ്ദേഹം അണികൾക്ക് നിർദേശം നൽകി. സമാധാനം പുനസ്ഥാപിക്കാനായി 1000 പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചിരിക്കുന്നത്.

ശിവകുമാറിന്റെ നിയോജകമണ്ഡലത്തിലുൾപ്പെട്ട സ്ഥലമാണ് കനകപുര. ഇവിടെ ക്രിസ്ത്യൻ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഗ്രാമമായ ഹരോബെലെയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. 400 വർഷത്തോളമായി ക്രിസ്ത്യൻ വിഭാഗം ഇവിടെ താമസിച്ചുവരുന്നതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. ക്രിസ്മസ് ദിനത്തിലാണ് പ്രതിമ നിർമ്മിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ ഡികെ ശിവകുമാർ ട്രസ്റ്റിന് കൈമാറിയത്.

13 പടികൾ ഉൾപ്പെടെ പ്രതിമയുടെ ഉയരം 114 അടിയാണ്. പടികളുടെ നിർമ്മാണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളിൽ ഒന്നായിരിക്കും കർണാടകയിലെ കനകപുരയിലേത്.

Exit mobile version