കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ വിക്ടോറിയ മെമ്മോറിയലിന്റെ പേരും മാറ്റണമെന്ന് ബിജെപി; റാണി ലക്ഷ്മി ഭായിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യം

കൊല്‍ക്കത്ത: കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെ കൊല്‍ക്കത്തയുടെ മുഖമുദ്രയായ വിക്ടോറിയ മെമ്മോറിയലിന്റെയും പേരു മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. വിക്ടോറിയയുടെ പേര് റാണി ലക്ഷ്മി ഭായിയുടെ പേരിലാക്കി മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം.

കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി ഞായറാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് വിക്ടോറിയ മെമ്മോറിയലിന്റെ പേരും മാറ്റണമെന്ന് ബിജെപി ആവശ്യം ഉന്നയിച്ചത്.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ പേരിലാണ് വിക്ടോറിയ മെമ്മോറിയല്‍ അറിയപ്പെടേണ്ടത് അല്ലാതെ 90 കൊല്ലം ഇന്ത്യയെ ചൂഷണം ചെയ്ത വിക്ടോറിയ രാജ്ഞിയുടെ പേരിലല്ല എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ചരിത്ര പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയല്‍ റാണി ജാന്‍സി സ്മാരക് മഹല്‍ എന്ന പേരിലാക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

Exit mobile version