സാമ്പത്തിക പ്രതിസന്ധിയും വളർച്ചാ മുരടിപ്പും മറച്ച് വെയ്ക്കാനായി മോഡിയും അമിത് ഷായും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വളർച്ചാ മുരടിപ്പും ഉൾപ്പടെയുള്ള ഗുരുതര പ്രശ്‌നങ്ങളെ മറച്ച് വെയ്ക്കുന്നതിന് വേണ്ടി മോഡി-ഷാ സർക്കാർ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ആരോപിച്ച് എഐസിസി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പാർലമെന്റ് മന്ദിരത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പരാമർശം.

ഇന്ത്യ ഇന്ന് നേരിടുന്ന യഥാർത്ഥ പ്രശ്നം സാമ്പത്തിക തകർച്ചയും വളർച്ചാ മന്ദഗതിയുമാണ്. ഇതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉത്തരങ്ങളില്ല. എന്നാൽ ഇവർ ഈ ഭീകരമായ യാഥാർത്ഥ്യത്തിൽ നിന്ന് ശ്രദ്ധ മാറ്റുന്നതിന് ഭിന്നിപ്പിക്കുന്നതും ധ്രുവീകരിക്കുന്നതുമായ പ്രശ്നങ്ങൾ ഒന്നിന് പിറകെ ഒന്നായി സൃഷ്ടിക്കുകയാണ്. ജനങ്ങളെ ഭരിക്കാനും അവർക്ക് സുരക്ഷ നൽകാനുമുള്ള മോഡി സർക്കാരിന്റെ കഴിവില്ലായ്മയാണ് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

വിദ്വേഷം ഉപയോഗിച്ച് ജനങ്ങളെ ചേരിതിരിക്കുന്നു. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നു. ശക്തമായ പ്രക്ഷുബ്ധത ഇതിനെതിരെ രാജ്യത്ത് ഉയരുന്നുണ്ട്. ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണത്തിന്റെ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. രാജ്യവ്യാപകമായി യുവാക്കൾ പ്രക്ഷോഭത്തിലാണ്. പൗരത്വനിയമ ഭേദഗതിയും എൻആർസിയുമാണ് ഇതിന് കാരണം. ഉത്തർപ്രദേശിലും ഡൽഹിയിലും പോലീസ് പക്ഷാപാതപരവും ക്രൂരവുമായിട്ടാണ് പ്രതിഷേധക്കാരെ നേരിട്ടത്. മോഡിയും അമിത് ഷായും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രസ്താവനകളിൽ അവർ ഉറച്ച് നിൽക്കുന്നില്ലെന്നും സോണിയ പറഞ്ഞു.

Exit mobile version