പ്രക്ഷോഭകരെ ബിജെപി സർക്കാർ നായ്ക്കളെ പോലെ വെടിവെച്ച് കൊന്നെന്ന് ബിജെപി അധ്യക്ഷൻ; നിരുത്തരവാദപരമായ പ്രസ്താവനയെന്ന് തിരുത്തി കേന്ദ്രമന്ത്രി

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നയിക്കുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചവരെ ബിജെപി സർക്കാർ നായ്ക്കളെ പോലെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന ബംഗാൾ ബിജെപി അധ്യക്ഷന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി. ബംഗാളിലെ പാർട്ടി അധ്യക്ഷൻ ദിലീപ് ഘോഷിന്റെത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയാണ് രംഗത്തെത്തിയത്. ഒരു പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് ദിലീപ് ഘോഷ് നടത്തിയ പരാമർശത്തിൽ ഒന്നും ചെയ്യാനില്ലെന്നും പരാമർശം അദ്ദേഹത്തിന്റെ ഭാവനയിൽ നിന്നുണ്ടായതാണെന്നും ബാബുൽ സുപ്രിയോ പ്രതികരിച്ചു. ഉത്തർപ്രദേശിലെയും ആസാമിലേയും ബിജെപി സർക്കാർ ഒരു കാരണത്തിന്റെ പേരിലും ജനങ്ങൾക്ക് നേരെ വെടിയുതിർത്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നു.

ഞായറാഴ്ച ബംഗാളിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി മമത ബാനർജിയെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ദിലീപ് ഘോഷ് വിവാദ പ്രസ്താവന നടത്തിയത്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ മമതയുടെ പോലീസ് നടപടിയെടുത്തില്ല. കാരണം അവർ മമതയ്ക്ക് വോട്ടുനൽകുന്നവരാണ്. യുപിയിലും അസമിലും കർണാടകയിലുമുള്ള ഞങ്ങളുടെ സർക്കാർ ഇത്തരം ആളുകളെ നായ്ക്കളെ പോലെ വെടിവെച്ചുകൊല്ലുകയാണ് ചെയ്തത്. പൊതുമുതൽ തീയിട്ടവരുടെ പിതാവിന്റെ സ്വത്താണോ ഇത്? നികുതി നൽകുന്നവരുടെ പണം ഉപയോഗിച്ച് നിർമ്മിക്കുന്ന പൊതുമുതൽ നശിപ്പിക്കാൻ അവർക്കെങ്ങനെ കഴിയുന്നുവെന്നായിരുന്നു ദിലീപ് ഘോഷിന്റെ ചോദ്യം.

പൊതുമുതൽ നശിപ്പിക്കുകയും തീയിടുകയും ചെയ്യുന്നവരെ ഉത്തർപ്രദേശിലെ പോലെ വെടിവെച്ചുകൊല്ലുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രസ്താവനയെ തള്ളി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version