നിര്‍ഭയ കേസ് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി; 22-ന് രാവിലെ വധശിക്ഷ നടപ്പിലാക്കും,

ന്യൂഡല്‍ഹി: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസമാണ് ഡമ്മികള്‍ തൂക്കിലേറ്റിയത്. പ്രതികളുടെ ഭാരം കണക്കിലെടുത്ത് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മ്മിച്ചത്. നിര്‍ഭയ കേസില്‍ അഞ്ച് പ്രതികളാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്.

പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയ വിവരം കഴിഞ്ഞ ദിവസം തിഹാര്‍ ജയില്‍ അധികൃതരാണ് അറിയിച്ചത്. അതേസമയം ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണെന്നും അധികൃതര്‍ പറഞ്ഞു.

നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22-ന് തൂക്കിലേറ്റുന്നതിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 22-ന് രാവിലെ ഏഴ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

ഇതിനിടെ തൂക്കിലേറ്റാന്‍ വിധിച്ച നാല് പ്രതികളില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക.

പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഹര്‍ജിക്കാര്‍. ഹര്‍ജി കോടതി തള്ളിയാല്‍ വിനയ് ശര്‍മ, മുകേഷ് എന്നിവരെ കൂടാതെ പവന്‍, അക്ഷയ് എന്നീ പ്രതികളേയും 22-ന് തന്നെ തൂക്കിലേറ്റും. ഇതിന്റെ മുന്നോടിയായാണ് ഇന്ന് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയത്.

2012 ഡിസംബര്‍ 16 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയില്‍ വെച്ച് സുഹൃത്തിനൊപ്പം ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോകുന്നതിന് ഇടയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ച് ദിവസത്തിനകം തന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

Exit mobile version