കടയിലെത്തിയ സ്ത്രീയുമായി വാക്കുതര്‍ക്കം, ജ്വല്ലറി ഉടമ ആസിഡ് വലിച്ചെറിഞ്ഞു, വീണത് സമീപത്ത് നിന്ന പെണ്‍കുട്ടിയുടെ മുഖത്ത്; ഗുരുതര പരിക്ക്, അറസ്റ്റ്

ലക്നൗ: വാക്കുതര്‍ക്കത്തിനിടെ ശരീരത്തില്‍ ആസിഡ് വീണ് 14 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ലക്നൗവിലെ കൈസര്‍ബാഗ് പ്രദേശത്താണ് സംഭവം. ജ്വല്ലറി ഉടമയും സ്ത്രീയും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെയാണ് അടുത്ത് നിന്നിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ആസിഡ് വീണത്.

സംഭവത്തില്‍ ആശാ സോങ്കര്‍, ഭര്‍ത്താവ് മുകേഷ് സോങ്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പാദസരം മിനുക്കുന്നതിന് വേണ്ടിയാണ് ആശാ സോങ്കര്‍ എന്ന യുവതി ഗാസിയാരി മണ്ഡിയിലുള്ള ജ്വല്ലറിയിലെത്തിയത്. എന്നാല്‍ ആശാ സോങ്കറും ജ്വല്ലറി ഉടമയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ജ്വല്ലറിയുടമ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ആസിഡ് സൂക്ഷിച്ചിരുന്ന ബാഗ് എടുത്ത് എറിഞ്ഞു.

ബാഗില്‍ നിന്നും തെറിച്ച ആസിഡ് സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെയും രണ്ട് സ്ത്രീകളുടെയും മേലാണ് വീണത്. സ്ത്രീകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ ആസിഡ് വീണ് പതിനാല് വയസ്സുകാരിക്ക് മുഖത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Exit mobile version