കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് മുന്നില്‍; 2018ല്‍ 4322 ബലാത്സംഗക്കേസുകള്‍

ലഖ്‌നൗ: രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ഉത്തര്‍പ്രദേശെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ. 2018ലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 4322 ബലാത്സംഗക്കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിദിനം 12 എന്ന കണക്കിലാണ് ഇവിടെ ബലാത്സംഗ കേസുകള്‍ ഉണ്ടാകുന്നത്.

സ്ത്രീകള്‍ക്ക്‌നേരെയുള്ള ആക്രമണം ഉത്തര്‍പ്രദേശില്‍ വര്‍ധിച്ച് വരുന്നതായാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണ കേസുകള്‍ 59,455 രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത 144 പെണ്‍കുട്ടികളാണ് ഇവിടെ ബലാത്സംഗത്തിനിരയായത്. ഇത്തരം കേസുകള്‍ കൂടുതലും ഉത്തര്‍പ്രദേശ് ലഖ്‌നവില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയുന്നത് എന്നതാണ് മറ്റൊരു കാര്യം.

കുട്ടികള്‍ക്ക് നേരെയുള്ള കുറ്റ കൃത്യങ്ങളിലും ഈ സംസ്ഥാനം മുന്നില്‍ ഉണ്ട്. (19936) കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത് 2444 പേര്‍. 131 വയോധികരും 2018ല്‍ കൊല്ലപ്പെട്ടു. സൈബര്‍ കുറ്റകൃത്യത്തില്‍ 26 ശതമാനം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ വാദം. ബലാത്സംഗക്കേസുകളില്‍ ഏഴ് ശതമാനം കുറവുണ്ടായെന്നും ക്രൈംബ്യൂറോ റിപ്പോര്‍ട്ട് തെറ്റാണെന്നും ഡിജിപി ഒപി സിംഗ് പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങളുടെ എണ്ണം സ്വാഭാവികമായും ഉയരുമെന്നും അദ്ദേഹം വാദിച്ചു.

Exit mobile version