പൗരത്വ ഭേദഗതിക്ക് പിന്തുണയുമായി മോഡിക്ക് അഹമ്മദാബാദിൽ നിന്നും അഞ്ചരലക്ഷം പോസ്റ്റ് കാർഡ്; പ്രദർശിപ്പിച്ച് അമിത് ഷാ

അഹമ്മദാബാദ്: രാജ്യമെമ്പാടും പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നതിനിടെ ഗുജറാത്തിൽ നിന്നും കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നെന്ന് ബിജെപി. പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അഹമ്മദാബാദ് നിവാസികൾ എഴുതിയതെന്ന് അവകാശപ്പെടുന്ന 5.5 ലക്ഷത്തിലധികം പോസ്റ്റ്കാർഡുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രദർശിപ്പിച്ചു.

അഹമ്മദാബാദിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് അമിത് ഷാ വേദിയിൽ ഈ പോസ്റ്റ് കാർഡുകൾ പ്രദർശിപ്പിച്ചത്. പോസ്റ്റുകാർഡുകളിലേത് വെറും വാക്കുകൾ മാത്രമല്ലെന്നും മറിച്ച് അവ ഹൃദയത്തിൽ നിന്നുള്ള നന്ദിപ്രകടനമാണെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷാ നേരത്തെ പ്രതിനിധീകരിച്ചിരുന്ന നാരായൺപുര നിയമസഭാ മണ്ഡലത്തിലാണ് ബിജെപി പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും അഞ്ച് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ വിജയിച്ചത്.

Exit mobile version