കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് ഇനി മുതല്‍ ശ്യാമപ്രസാദ് മുഖര്‍ജി; പുനര്‍നാമകരണം ചെയ്ത് മോഡി

ഭാരതീയ ജന്‍ സംഘിന്റെ സ്ഥാപകനാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി

കൊല്‍ക്കത്ത: പ്രശസ്തമായ കൊല്‍ക്കത്ത തുറമുഖത്തിന് ബിജെപി ആചാര്യന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കി മോഡി. ഇന്നലെയാണ് കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോഡി എത്തിയത്. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് മോഡി കൊല്‍ക്കത്ത തുറമുഖത്തിന് പുനര്‍നാമകരണം നടത്തിയത്. ഭാരതീയ ജന്‍ സംഘിന്റെ സ്ഥാപകനാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി.

‘ഒരു രാജ്യം, ഒരു ഭരണഘടന എന്ന ആശയത്തിനായി മുന്‍നിരയില്‍ പോരാടിയും വികസനത്തിന് ചുക്കാന്‍ പിടിച്ചും ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി’ എന്നാണ് തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതിന് ശേഷം മോഡി പറഞ്ഞത്.

‘ബംഗാളിലും കൊല്‍ക്കത്താ തുറമുഖ ട്രസ്റ്റിനും ഇന്ന് ഒരു സുപ്രധാന ദിനമാണ്. രാജ്യം സ്വാതന്ത്ര്യം നേടിയതും രാജ്യത്തിന്റെ പുരോഗതിയും കണ്ട തുറമുഖമാണ് കൊല്‍ക്കത്തയിലേത്. ചരിത്ര പ്രാധാന്യമുള്ള ഒരു തുറമുഖമാണിത്. ഇന്ന് മുതല്‍ ഈ തുറമുഖം അറിയപ്പെടുന്നത് ശ്യാമപ്രസാദ് മുഖര്‍ജി തുറമുഖം എന്നായിരിക്കും’ എന്നാണ് മോഡി പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും ദൂരമുള്ള നാവിഗേഷണല്‍ ചാനലുകളില്‍ ഒന്നാണ് കൊല്‍ക്കത്ത തുറമുഖം.

Exit mobile version