പൗരത്വം എടുത്തുകളയാനല്ല, പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി; മനഃപൂർവ്വം രാഷ്ട്രീയം കളിക്കുന്നവർ തെറ്റിദ്ധരിപ്പിക്കുന്നെന്നും മോഡി

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വീണ്ടും പരസ്യപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല, മറിച്ച് പൗരത്വം നൽകാനുള്ളതാണെന്ന് പ്രധാനമന്ത്രി കൊൽക്കത്തയിൽ പറഞ്ഞു. പാകിസ്താനിൽ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകണമെന്നാണ് സ്വാതന്ത്ര്യത്തിന് ശേഷം മഹാത്മാ ഗാന്ധിയും മറ്റ് നേതാക്കളും വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മനഃപൂർവ്വം രാഷ്ട്രീയം കളിക്കുന്നവർ ഇത് മനസ്സിലാക്കാൻ തയ്യാറല്ല. പൗരത്വ നിയമഭേദഗതിയുടെ പേരിൽ അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി.

രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ മോഡി രാമകൃഷ്ണ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പൗരത്വ നിയമഭേദഗതിയെ കുറിച്ച് സംസാരിച്ചതും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചതും.

പൗരത്വം നൽകുകയാണ് നമ്മുടെ ഉത്തരവാദിത്വം. ഒരു രാത്രി കൊണ്ട് തിടുക്കപ്പെട്ട് കൊണ്ടുവന്ന നിയമമല്ല ഇത്. കഴിഞ്ഞ 70 വർഷമായി ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചതിന് പാകിസ്താൻ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ താൻ ഇവിടെ വന്നപ്പോൾ സ്വാമി ആത്മസ്ഥാനന്ദജിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ ഭൗതികസാന്നിധ്യമില്ല. പക്ഷേ അദ്ദേഹം രാമകൃഷ്ണ മിഷന്റെ രൂപത്തിൽ വഴികാട്ടിയായി നമുക്കൊപ്പമുണ്ട്. 100 ഊർജ്ജസ്വലരായ യുവാക്കളെ തരൂ ഞാൻ ഇന്ത്യയെ മാറ്റി തരാം എന്ന സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ വാക്യം നാം സദാ ഓർക്കണമെന്നും എന്തെങ്കിലും ചെയ്യാനുള്ള നമ്മുടെ ഊർജവും താത്പര്യവുമാണ് മാറ്റത്തിന് വേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Exit mobile version