ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 20 പേര്‍ മരിച്ചു, പൊള്ളലേറ്റ 21 പേര്‍ ആശുപത്രിയില്‍

ഉത്തര്‍പ്രദേശ്; ഉത്തര്‍പ്രദേശിലെ കനൗജില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തില്‍ 20 പേര്‍ മരിച്ചു. അപകടത്തില്‍ പൊള്ളലേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഫാറൂഖാബാദില്‍ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.

അപകട സമയത്ത് ബസില്‍ 46 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി ആയതിനാല്‍ സംഭവ സമയത്ത് പലരും ഉറക്കത്തിലായിരുന്നു. തീപിടിത്തത്തിന് പിന്നാലെ ബസിന്റെ വാതിലുകളും ജനലുകളും തുറക്കാന്‍ സാധിക്കാത്തതിനാല്‍ അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തി. ‘കനൗജിലുണ്ടായ അപകടം ദു:ഖത്തിലാഴ്ത്തി. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനെ അനുശോചനമറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രത്യാശിക്കുന്നു’-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരും അനുശോചനമറിയിച്ചു.

നാല് ഫയര്‍ എന്‍ജിനുകള്‍ അരമണിക്കൂര്‍ എടുത്താണ് തീ അണച്ചത്. അപകടസമയത്ത് ബസില്‍ നിരവധിപേരുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികല്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായം നല്‍കാനും ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി.

Exit mobile version