പൗരത്വ നിയമത്തില്‍ ബിജെപിയില്‍ ഭിന്നത; ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു

ഭോപ്പാല്‍: പൗരത്വ നിയമ വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത. പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു. ന്യൂനപക്ഷ സെല്‍ സെക്രട്ടറി അക്രം ഖാനാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

എന്‍ആര്‍സിയിലും പൗരത്വ ഭേദഗതി നിയമത്തിലും പ്രതിഷേധിച്ച് രാജിവെയ്ക്കുന്നുവെന്നാണ് ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് സന്‍വാര്‍ പട്ടേലിന് എഴുതിയ കത്തില്‍ അക്രം ഖാന്‍ പറയുന്നത്.

അതെസമയം, പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. എന്നാല്‍ ഈ തീരുമാനം പാര്‍ട്ടിയിലെ തന്നെ ചിലനേതാക്കള്‍ ഒരു വിഭാഗത്തിനെതിരെ ആയുധമാക്കുന്നു. ഇതിനെ അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ രാജിവെയ്ക്കുകയാണെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് അക്രം ഖാന്‍ പ്രതികരിച്ചത്.

എന്നാല്‍ അക്രം ഖാന്റെ ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന മീഡിയ ഇന്‍ ചാര്‍ജ് ലോകേന്ദ്ര പരഷാര്‍ രംഗത്തെത്തി. അക്രം ഖാന്‍ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിന്റെ ഇരയാണ് അക്രം ഖാനെന്നും ലോകേന്ദ്ര പറഞ്ഞു.

Exit mobile version