പുത്തൻ കാറിന് ഐശ്വര്യം കൊണ്ടുവരാൻ കുഞ്ഞുമകളുടെ പാദമുദ്ര പതിപ്പിച്ചു; സോഷ്യൽമീഡിയയിൽ വൈറലായി യുവാവ്; അഭിനന്ദനപ്രവാഹം

മുംബൈ: ഡ്രൈവറായി ജോലി ചെയ്യുന്ന നാഗേഷ് പുത്തൻ കാർ വാങ്ങിയപ്പോൾ ഐശ്വര്യം കൊണ്ടുവരാനായി കാറിന് പൂജയോ കർമ്മങ്ങളോ ചെയ്യാതെ തന്റെ കുഞ്ഞുമകളുടെ പാദമുദ്ര പതിപ്പിച്ച് സോഷ്യൽമീഡിയയിൽ താരമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ പ്രവർത്തിക്ക് സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. പുണെയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ കോലാപുർ സ്വദേശി നാഗേഷ് പാട്ടീൽ ആണ് 2 വയസ്സുകാരി മകളുടെ കാൽപാദം കുങ്കുമത്തിൽ മുക്കി പുതിയ കാറിന്റെ ബോണറ്റിൽ പതിപ്പിപ്പിച്ചത്.

ഐശ്വര്യദേവിയായ ലക്ഷ്മിയുടെ പ്രതീകമാണ് മകൾ എന്ന സങ്കൽപത്തിലാണ് 2 പെൺകുട്ടികളുടെ അച്ഛനായ നാഗേഷ് ഇത്തരത്തിൽ പാദമുദ്ര പതിപ്പിച്ചത്. ഇതിന്റെ വീഡിയോ ആരോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു വലിയ തരംഗമായി. തുടർന്ന്, മുതിർന്ന കോൺഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാൻ നാഗേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഈ പ്രവൃത്തി തന്റെ ഹൃദയത്തെ തൊട്ടുവെന്നും നാഗേഷിനെയും മകളെയും നേരിൽ കാണാൻ എത്തുമെന്നും ചവാൻ പറഞ്ഞു. സംസ്ഥാനത്ത് പലയിടങ്ങളിലും പെൺഭ്രൂണഹത്യയും സ്ത്രീ വിവേചനവും വർധിക്കുമ്പോഴാണ് പെൺമക്കളെ ഐശ്വര്യമായി കണ്ട് നാഗേഷിന്റെ സത്പ്രവർത്തി. സംസ്ഥാനത്ത് സ്ത്രീപുരുഷ അനുപാതം 1000 പുരുഷൻമാർക്ക് 929 സ്ത്രീകൾ എന്ന നിലയിലാണ്.

Exit mobile version