എബിവിപിക്ക് വന്‍ തിരിച്ചടി! വാരണാസി സംസ്‌കൃത സര്‍വ്വകലാശാലയില്‍ മുഴുവന്‍ സീറ്റും തോറ്റു

ഇതോടെ ബിജെപിക്ക് വന്‍ തിരിച്ചടി തന്നെയാണ് സംസ്‌കൃത സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

വാരണാസി: വാരണാസി സംസ്‌കൃത സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വന്‍ തിരിച്ചടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ നാല് സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബിജെപിക്ക് വന്‍ തിരിച്ചടി തന്നെയാണ് സംസ്‌കൃത സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

എബിവിപിയുടെ അര്‍ഷിത് പാണ്ഡേയെ തോല്‍പ്പിച്ച് എന്‍എസ്‌യുഐയുടെ ശിവം ശുക്ല യൂണിയന്‍ പ്രസിഡന്റായി. ചന്ദന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്റും, അവ്‌നിഷ് പാണ്ഡേ ജനറല്‍ സെക്രട്ടറിയും രജനികാന്ത് ദുബെ ലൈബ്രറിയന്‍ പദവിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശിവം ശുക്ലയ്ക്ക് 709 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ എബിവിപി സ്ഥാനാര്‍ത്ഥിക്ക് വെറും 224 വോട്ടകളാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് ചന്ദന്‍ കുമാറിന് 553 വോട്ടുകള്‍ ലഭിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിക്ക് 63 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളതെങ്കില്‍ ലൈബ്രറിയന്‍ രജനി കാന്തിന് 85 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

അതേസമയം, ക്യാമ്പസില്‍ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വിജയ ഘോഷയാത്രകള്‍ നടത്തരുതെന്ന് വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചു. വിജയികളെ പോലീസ് സുരക്ഷയിലാണ് വീടുകളിലേക്ക് പറഞ്ഞയച്ചത്.

Exit mobile version