ആർക്കും എവിടേയും പോകാം, അഭിപ്രായവും പറയാം; ദീപിക പദുകോണിനെ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞവരെ തിരുത്തി കേന്ദ്രമന്ത്രി; ബിജെപിയിൽ ഭിന്നത

ന്യൂഡൽഹി: ബോളിവുഡ് താരം ദീപിക പദുകോണിനെ ബഹിഷ്‌കരിക്കണമെന്നും വേണ്ടെന്നും അഭിപ്രായപ്പെട്ട് ബിജെപി നേതാക്കൾ രണ്ട് തട്ടിൽ. ദീപികയുടെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന ചില നേതാക്കളുട ആഹ്വാനം തള്ളി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്തെത്തി. ജനാധിപത്യ രാജ്യത്ത് ആർക്കും എവിടെയും പോകാം, അഭിപ്രായം പറയാമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ ദീപികയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ക്യാംപെയിനുകളാണ് നടക്കുന്നത്. വിദ്യാർത്ഥികൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് ഒരു അഭിമുഖത്തിൽ ദീപിക പറഞ്ഞു.

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടി ദീപിക പദുക്കോൺ ഇന്നലെയാണ് ക്യാംപസിലെത്തിയത്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഒയ്ഷി ഘോഷിനൊപ്പം ദീപിക നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ്, പ്രകാശ് രാജ്, റിച്ച ഛദ്ദ തുടങ്ങിയ സിനിമ പ്രവർത്തകരും ദീപികയെ അഭിനന്ദിച്ച് രംഗത്തുവന്നു.

എന്നാൽ വെള്ളിയാഴ്ച്ച റിലീസ് ചെയ്യാൻ പോകുന്ന ദീപിയകയുടെ പുതിയ ചിത്രം ഛപാക്കിന്റെ പ്രചാരണത്തിനാണ് നടി ജെഎൻയുവിലെത്തിയതെന്നായിരുന്നു ബിജെപിയുടെ വിമർശനം. ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന് ബിജെപി നേതാവ് തേജേന്ദർപാൽ സിങ് ബഗ്ഗ ട്വിറ്ററിൽ ആഹ്വാനം ചെയ്തതും വലിയ വിവാദമായി.

Exit mobile version