സിനിമയുടെ പ്രചാരണത്തിന് ദീപിക ആർഎസ്എസ് ആസ്ഥാനത്ത് പോകണോ? മോഡിയും അമിത് ഷായും ജെഎൻയുവിൽ പോകാത്തതെന്തേ? വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചെത്തിയ ബോളിവുഡ് താരം ദീപിക പദുകോണിനെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. കേന്ദ്ര സർക്കാർ ഇത്രയേ ഉള്ളൂവെന്നും നിലവാരം ഇത്രത്തോളം താഴ്‌ന്നെന്നും കോൺഗ്രസ് വിമർശിച്ചു. ദീപിക ജെഎൻയു സന്ദർശിച്ചത് റിലീസാകാനിരിക്കുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടാണെന്നായിരുന്നു നേരത്തെ ബിജെപിയുടെ വിമർശനം. ദീപികയുടെ സിനിമ ബഹിഷ്‌കരിക്കണമെന്നും സോഷ്യൽ മീഡിയയിൽ ചില നേതാക്കൾ ആഹ്വാനവും ചെയ്തിരുന്നു.

ഇതോടെ ദീപികയ്ക്ക് പിന്തുണ അറിയിച്ചെത്തിയ കോൺഗ്രസ്, സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി ദീപിക ആർഎസ്എസ് ആസ്ഥാനത്താണോ സന്ദർശനം നടത്തേണ്ടത് എന്ന് ചോദിച്ചു. ഇത്രയേയുള്ളൂ നമ്മുടെ സർക്കാർ. അവർ ഇത്രത്തോളം തരംതാഴ്ന്നുകഴിഞ്ഞു. ഒരു ചലച്ചിത്രതാരം പ്രതിഷേധത്തെ പിന്തുണച്ചാൽ അവർക്കെതിരെ ബിജെപി ട്വീറ്റ് ചെയ്യും, അവരുട സിനിമ ബഹിഷ്‌കരിക്കും, സന്ദർശനത്തെ സിനിമയുടെ പ്രചാരണ പരിപാടിയായി വ്യാഖ്യാനിക്കും. സിനിമയുടെ പ്രചാരണത്തിനായി അവർ എങ്ങോട്ടാണ് പോകേണ്ടത്? നാഗ്പൂരിലെ സംഘ് മുഖ്യാലയയിലേക്ക് പോകണോ?’ കോൺഗ്രസ് വക്താവ് പവൻ ഖേര ചോദ്യമെറിഞ്ഞതിങ്ങനെ.

രാജ്യത്തെ യുവതലമുറയെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാൻ സർക്കാർ മിനക്കെടുന്നില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജെഎൻയുവിൽ പോകുമെന്നും വിദ്യാർത്ഥികളുമായി സംസാരിക്കുമെന്നുമാണ് പ്രതീക്ഷിച്ചത് എന്നാൽ ബിജെപി ദീപികയെ വിമർശിക്കുകയും അവരുടെ സിനിമയ്‌ക്കെതിരെ പ്രചാരണം നടത്തുകയുമാണ് ചെയ്തതെന്നും ഖേര കുറ്റപ്പെടുത്തി.

Exit mobile version