ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും, എന്നാല്‍ ചരിത്രം നിങ്ങളെ ഓര്‍ക്കും; ദീപികയെ അഭിനന്ദിച്ച് കനയ്യ കുമാര്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാ ശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളെ കാണാന്‍ എത്തിയ സിനിമാ താരം ദീപിക പദുക്കോണിനെ അഭിനന്ദിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ട്വിറ്ററിലൂടെയാണ് കനയ്യ അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നത്.

‘ഐക്യദാര്‍ഢ്യത്തിനും പിന്തുണക്കും നന്ദി എല്ലാ ഭാവുകങ്ങളും. ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും. പക്ഷേ നിങ്ങളുടെ ധൈര്യത്തിനും ഇന്ത്യയുടെ ആശയത്തിന് ഒപ്പം നിന്നതിനും ചരിത്രം നിങ്ങളെ ഓര്‍മ്മിക്കും’കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു.

ഇന്നലെ വൈകിട്ടാണ് ജെഎന്‍യുവില്‍ ആക്രമണത്തിനിരയായവര്‍ക്ക് പിന്തുണയറിയിച്ച് ദീപിക എത്തിയത്. എന്നാല് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാതെയാണ് ദീപിക മടങ്ങിയത്. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയതെന്നാണ് വിവരം. പതിനഞ്ചുമിനിറ്റോളം വിദ്യാര്ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷ്, മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ചിരുന്നു.

ഞായറാഴ്ച രാത്രിയാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ മുഖംമൂടി ധാരികള്‍ അക്രമം അഴിച്ചുവിട്ടത്. ഇരുമ്പ് വടികള്‍, ഹോക്കി സ്റ്റിക്കുകള്‍, മുളങ്കമ്പുകള്‍, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകള്‍ യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു.

Exit mobile version