ഹിന്ദൂയിസം മഹത്തായ പാരമ്പര്യമാണ്, എന്നാൽ ഹിന്ദുത്വ സവർക്കർ ഉണ്ടാക്കിയതും; വൈറലായി ശശി തരൂരിന്റെ താരതമ്യ പട്ടിക

shashi-tharoorr

ന്യൂഡൽഹി: ഹിന്ദു എന്നാൽ വീർ സവർക്കർ ഉണ്ടാക്കിയ ഹിന്ദുത്വമല്ലെന്ന് ശശി തരൂർ എംപി. ഹിന്ദൂയിസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവെച്ചാണ് ശശി തരൂർ സംഘപരിവാറിന്റെ ആശയങ്ങളെ ചോദ്യം ചെയ്യുന്നത്. അപൂർണ്ണമാണെങ്കിലും രസകരമായ താരതമ്യപ്പട്ടിക എന്ന കുറിപ്പോടെയാണ് ശശി തരൂർ പട്ടിക പങ്കുവെച്ചിരിക്കുന്നത്. ഹിന്ദൂയിസവും ഹിന്ദുത്വവും തമ്മിലുള്ള ആറ് വ്യത്യാസങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടി ഇനി നിങ്ങൾ ഹിന്ദുവോ ഹിന്ദുത്വവാദിയോ എന്ന് തരൂർ ചോദിക്കുന്നു. ഹിന്ദൂയിസത്തിന്റെ വിപരീതപദം ഇസ്ലാമല്ല, ക്രൈസ്തവതയല്ല, സോഷ്യലിസമല്ല, അത് ഹിന്ദുത്വയാണ് എന്ന ആമുഖത്തോടെയാണ് പട്ടിക തുടങ്ങുന്നത്.

ട്വീറ്റിലെ പ്രധാനഭാഗം ഇങ്ങനെ:

1. വിവിധങ്ങളായ വേരുകളുള്ള നാനാ തരത്തിലുള്ള ഇന്ത്യൻ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്തായ സംഗമമാണ് ഹിന്ദൂയിസം. അതിനൊരു സ്ഥാപകനില്ല. എന്നാൽ, വിനായക ദാമോദർ സവർക്കർ പ്രചരിപ്പിച്ച ഒരേപോലുള്ള വംശീയപ്രാദേശിക ഇനമാണ് ഹിന്ദുത്വ.

2. ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതാണ് ഹിന്ദൂയിസം. ലോകത്തെ ഏറ്റവും പഴക്കമേറിയ മത, ആത്മീയ, ജീവിതരീതികളിലൊന്ന്. എന്നാൽ, 1923ൽ ആദ്യമായി സവർക്കർ നിർദേശിച്ച ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ.

3. ഹിന്ദൂയിസത്തിന് ഒന്നല്ല, ഒരു പാട് പാഠങ്ങളുണ്ട്. വേദം, പുരാണം, ഇതിഹാസം, ന്യായം, സാംഖ്യം, മീമാംസ, യോഗ തുടങ്ങി നിരവധി പാഠങ്ങൾ. എന്നാൽ ഹിന്ദുത്വയ്ക്ക് കേന്ദ്രീകൃതമായ ഒരൊറ്റ ഗ്രന്ഥമേയുള്ളൂ. 1928ൽ പ്രസിദ്ധീകരിച്ച ഹിന്ദുത്വ:ആരാണ് ഹിന്ദു? എന്ന രാഷ്ട്രീയ ലഘുലേഖ.

4. വൈവിധ്യമാർന്നതാണ് ഹിന്ദൂയിസം. ഒരു പാട് ജീവിതധാരകളുടെ സംഗമം. എന്നാൽ ഏകശിലാസ്തംഭമാണ് ഹിന്ദുത്വ. ഹിന്ദൂയിസത്തേക്കാൾ ഇസ്ലാമിനെയും ക്രൈസ്തവതയെയും പോലെ.

5. എല്ലാം ഉൾക്കൊള്ളുന്ന ഹിന്ദൂയിസം അതുല്യമാണ്. വിവിധങ്ങളായ ചിന്താധാരകളെ ഒരു കുടക്കീഴിൽ അത് ഒരുമിപ്പിക്കുന്നു. മുഴുവൻ ലോകത്തെയും അത് സ്വന്തം കുടുംബത്തെപ്പോലെ വീക്ഷിക്കുന്നു. എന്നാൽ, നിഷേധമാണ് ഹിന്ദുത്വയുടെ മുഖമുദ്ര. മറ്റു മതങ്ങളെ പ്രത്യേകിച്ച് ഇസ്ലാമിനെയും ക്രൈസ്തവതയെയും വെറുക്കാനും ഭയപ്പെടാനുമാണ് അതിന്റെ പ്രചാരകർ ശീലിക്കുന്നത്.

6. മതനിരപേക്ഷതയാണ് ഹിന്ദൂയിസത്തിന്റെ പര്യായം. ശുഭചിന്തകൾ വിശ്വത്തിലെ എല്ലാ ദിക്കുകളിൽനിന്നും വന്നു ചേരട്ടെ. ‘ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ’ ഋഗ്വേദം. എന്നാൽ, ഹിന്ദൂയിസത്തെ അതിവിശിഷ്ടമാക്കുന്ന ആധാരശിലയായ പരമ്പരാഗത മതനിരപേക്ഷ ഹിന്ദു ജീവിതരീതിയെ ഹിന്ദുത്വയുടെ പ്രചാരകർ എതിർക്കുന്നു.

ഇനി പറയൂ, നിങ്ങൾ ഒരു ഹിന്ദുവാണോ അതോ ഹിന്ദുത്വവാദിയാണോ? ശശി തരൂർ ചോദിക്കുന്നു.

Exit mobile version