ജെഎന്‍യു ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അവസാനിപ്പിച്ചു

മുംബൈ: ജെഎന്‍യുവില്‍ നടന്ന ആക്രമണ സംഭവങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം താല്‍കാലികമായി നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യനിലകൂടി പരിഗണിച്ചാണ് സമരം അവസാനിപ്പിച്ചത്. അതേസമയം ക്യാമ്പസുകളില്‍ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ജെഎന്‍യുവില്‍ അക്രമം നടന്നതിന് പിന്നാലെ രണ്ടുദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. സമരം ഗേറ്റ് വേ ഓഫ് ഇന്ത്യാപരിസരത്ത് നിന്ന് ആസാദ് മൈതാനത്തേക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു.

സമരത്തിനിടെ, കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് എഴുതിയ പ്ലക്കാര്‍ഡ് സമരക്കാരില്‍ ഒരാള്‍ ഉയര്‍ത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു.

കശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്രം ഹനിക്കുന്നതിനെയാണ് പോസ്റ്ററില്‍ ഉദ്ദേശിക്കുന്നതെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഇന്റര്‍നെറ്റ് അടക്കം നിര്‍ത്തലാക്കിയ താഴ്‌വരയിലെ ജനങ്ങളെ ബിജെപി ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ചാണ് പോസ്റ്ററെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീലും പറഞ്ഞു.

Exit mobile version