‘സുരക്ഷിതയാണ്, ഒരിഞ്ച് പോലും പിറകോട്ടില്ല’; ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും സുരക്ഷിതയാണെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘നന്ദി, എല്ലാവര്‍ക്കും. ഞാന്‍ തിരിച്ചുവന്നു, സുരക്ഷിതമാണ്. അതെ, ഒരിഞ്ചു പോലും പുറകോട്ടില്ല…എന്നായിരുന്നു ഐഷിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഞായറാഴ്ച രാത്രി നടന്ന എബിവിപി അക്രമത്തില്‍ ഐഷിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാത്രിയില്‍ മുഖം മറച്ചെത്തിയ ക്രിമിനല്‍ സംഘമാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചത്. ഐഷിക്ക് പുറമെ ജനറല്‍ സെക്രട്ടറി സതീഷിനും അധ്യാപിക സുചിത്ര സെന്നിനും പരിക്കേറ്റിരുന്നു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ്പൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച രാത്രി തന്നെ പ്രതിഷേധിച്ചിരുന്നു.

Exit mobile version