ഈഗോ സംരക്ഷിക്കാൻ രാജ്യത്തെ കത്തിക്കരുത്; നിയമം പിൻവലിക്കണം; ജെഎൻയു വിദ്യാർത്ഥികളെ പിന്തുണച്ച് കേന്ദ്രത്തെ വിമർശിച്ച് ചേതൻ ഭഗത്

മുംബൈ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എഴുത്തുകാരൻ ചേതൻ ഭഗത്. പൗരത്വ നിയമവും എൻആർസിയും സർക്കാർ ഉപേക്ഷിക്കണമെന്നും ഈഗോ സംരക്ഷിക്കാനായി രാജ്യത്തെ കത്തിക്കരുതെന്നും ചേതൻ ഭഗത് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഞായറാഴ്ച ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രാജ്യത്താകമാനം ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചേതൻ ഭഗതിന്റെ ട്വീറ്റ്.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം. ജെഎൻയുവിൽ ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകുന്നതായും ചേതൻ ഭഗത് വ്യക്തമാക്കി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം ഉയരുമ്പോഴും കേന്ദ്ര സർക്കാർ ശക്തമായ നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ചേതൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചേതൻ ഭഗത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശക്തമായി പിന്തുണച്ചിരുന്ന എഴുത്തുകാരനായിരുന്നു. പൗരത്വ ബിൽ വിഷയത്തിൽ ചേതൻ ഭഗതിന്റെ രൂക്ഷവിമർശനം വലിയ ചർച്ചകൾക്ക് കാരണമാവുന്നുണ്ട്.

Exit mobile version