ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ എന്താകും? ഇന്ത്യയിലെ സ്ഥിതി നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്നത്: അഭിജിത്ത് ബാനർജി

കൊൽക്കത്ത: ജെഎൻയു സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ നടത്തിയ ആക്രമണത്തെ അപലപിച്ച് നോബേൽ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനർജി. ഇന്ത്യയിലെ നിലവിലെ സ്ഥിതി വർഷങ്ങൾക്ക് മുമ്പ് ജർമ്മനി നാസി ഭരണത്തിലേക്ക് പോയതിനെ അനുസ്മരിപ്പിക്കുന്നുവെന്ന് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ വിദ്യാർത്ഥി കൂടിയായ അഭിജിത്ത് ബാനർജി പറഞ്ഞു.

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയെ കുറിച്ച് ചിന്തിക്കുന്ന ഏതൊരാൾക്കും വിഷമം തോന്നുന്ന കാര്യങ്ങളാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സർക്കാർ പ്രത്യാരോപണത്തിന് ശ്രമിക്കുമ്പോൾ അതിനിടയിൽ സത്യം മുങ്ങിത്താഴരുതെന്നും അഭിജിത്ത് ബാനർജി കൂട്ടിച്ചേർത്തു. യൂണിവേഴ്‌സിറ്റിയിൽ ഫീസ് വർദ്ധനയ്‌ക്കെതിരേ പ്രതിഷേധിക്കുന്നവരെ കുറ്റപ്പെടുത്തികൊണ്ടുള്ള യൂണിവേഴ്‌സിറ്റി രജിസ്റ്റാറുടെ പ്രസ്താവനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ആക്രമണത്തിൽ പരിക്കേറ്റവരെക്കുറിച്ചാണ് തന്റെ ഉത്കണ്ഠയെന്നും അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Exit mobile version