ബിജെപിയുടെ പ്രതീക്ഷകളെല്ലാം തെറ്റി; പൗരത്വ നിയമം സംബന്ധിച്ച യോഗത്തില്‍ ബോളിവുഡ് താരങ്ങള്‍ എത്തിയില്ല; കേന്ദ്രത്തിന്റെ ക്ഷണം തള്ളി

മുംബൈ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ബോളിവുഡ് താരങ്ങള്‍ എത്തിയില്ല. കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെയും ബിജെപി ഉപാധ്യക്ഷന്‍ ബൈജയന്ത് ജയ് പാണ്ടേയുടേയും നേതൃത്വത്തില്‍ മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ബോളിവുഡ് താരങ്ങള്‍ക്ക് ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്.

ചര്‍ച്ചയ്ക്ക് ശേഷം താരങ്ങള്‍ക്ക് ഹോട്ടലില്‍ വിരുന്നും ഒരുക്കിയിരുന്നു. പൗരത്വ ഭേഗതി നിയമം- കെട്ടുകഥകളും യഥാര്‍ഥ്യങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിക്കി കൗശല്‍, ജാവേദ് അക്തര്‍, ആയുഷ്മാന്‍ ഖുറാന, രവീണ ടണ്ഠന്‍, ബോണി കപൂര്‍, കങ്കണ റണാവത്ത്, മധുര്‍ ഭണ്ഡാര്‍കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റുകയായിരുന്നു. ഭൂഷന്‍ കുമാര്‍, കുനാല്‍ കോഹ്‌ലി, പ്രസൂണ്‍ ജോഷി, രണ്‍വീര്‍ ഷൊറെ, ഉര്‍വലി റൌട്ടാല തുടങ്ങിയവര്‍ പങ്കെടുത്തപ്പോള്‍ പ്രതീക്ഷിച്ചിരുന്ന പല പ്രമുഖ താരങ്ങളും വിട്ടുനിന്നു. ക്ഷണം ലഭിച്ചിരുന്ന റിച്ച ചന്ദയും കബിര്‍ ഖാനും യോഗത്തില്‍ പങ്കെടുക്കാതെ മുംബൈയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ചര്‍ച്ച സംഘടിപ്പിച്ചത്. ഇതിലൂടെ താരങ്ങളുടെ പിന്തുണ നേടാമെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ ചര്‍ച്ചയില്‍ നിന്നും പലരും വിട്ട് നിന്നതോടെ ബിജെപിയുടെ കണക്കുകൂട്ടലുകളെല്ലാം തുടക്കത്തിലേ പാളി. എന്നാല്‍ തങ്ങള്‍ പിന്നോട്ടില്ല ,ഇനിയും ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് സംഘാടകരുടെ നിലപാട്.

Exit mobile version