ഇന്ത്യയില്‍ പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുന്നുണ്ട്; ജെഎന്‍യു ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ട്വിങ്കിള്‍ ഖന്ന

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന.’ഇന്ത്യയില്‍ പശുക്കള്‍ക്ക് വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതായി തോന്നുന്നു’വെന്ന് ട്വിങ്കിള്‍ ഖന്ന പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

”ഇന്ത്യയില്‍ പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതായി തോന്നുന്നു. നിങ്ങള്‍ക്ക് അക്രമത്തിലൂടെ ആളുകളെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങളും കൂടുതല്‍ സമരങ്ങളുമുണ്ടാകും. തെരുവില്‍ കൂടുതല്‍ ആളുകളും ഇറങ്ങും.” ട്വിങ്കിള്‍ ഖന്ന പറഞ്ഞു.

കുറിപ്പിനൊപ്പം ഒരു പത്ര വാര്‍ത്തയും ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഞായറാഴ്ച മുഖംമൂടി ധരിച്ച അക്രമി സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ പേരാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്.

ബോളിവുഡില്‍ നിന്നും നിരവധി പേര്‍ പ്രതിഷേധമറിയിച്ചിരുന്നു. തപ്‌സി പന്നു, പൂജാ ഭട്ട്,സ്വര ഭാസ്‌കര്‍, ശബാന ആസ്മി, ദിയ മിര്‍സ, റിതേഷ് ദേഷ്മുഖ് തുടങ്ങിയവരാണ് ജെഎന്‍യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

Exit mobile version