‘കടക്ക് പുറത്ത്’, വൃദ്ധമാതാവിനെ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും പതിവ്; മകനോടും കുടുംബത്തോടും വീടൊഴിഞ്ഞ് പോകാൻ ഹൈക്കോടതി നിർദേശം

മുംബൈ: വൃദ്ധമാതാവിനെ സംരക്ഷിക്കേണ്ട മക്കൾ തന്നെ മാതാവിന് ഭാരമായതോടെ വീടൊഴിഞ്ഞ് പോകാൻ നിർദേശിച്ച് ബോംബെ ഹൈക്കോടതി. വൃദ്ധയായ മാതാവിനെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത ഇളയ മകനും കുടുംബവും വീടൊഴിയണമെന്നാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. അർഹിക്കുന്ന അന്തസ്സും ബഹുമാനവും നൽകി മുതിർന്ന പൗരന്മാരെ മക്കൾ പരിചരിക്കണന്നും കോടതി അഭിപ്രായപ്പെട്ടു.

ഇളയ മകന്റെയും ഭാര്യയുടെയും ശല്യത്തെതുടർന്നു പരാതിക്കാരി സീനിയർ സിറ്റിസൻസ് മെയ്ന്റനൻസ് ട്രൈബ്യൂണലിനെയാണ് ആദ്യം സമീപിച്ചത്. ട്രൈബ്യൂണൽ മാതാവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. ഇതു ചോദ്യം ചെയ്തു മകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. മക്കളുടെ സ്‌കൂൾ പഠനം മുടങ്ങാതിരിക്കാൻ 2 മാസത്തെ സാവകാശം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചെങ്കിലും വീടൊഴിയണമെന്ന നിർദേശത്തിൽ ഇളവു വരുത്താൻ തയ്യാറായില്ല.

മുതിർന്ന പൗരന്മാരുടെ അവകാശം സംരക്ഷിക്കാൻ 2007ൽ നിലവിൽ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. പരാതിക്കാരിയുടെ ഭർത്താവ് വാങ്ങിയ ഫ്‌ളാറ്റിലാണു മൂത്ത മകനും ഇളയ മകന്റെ കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് പരാതിക്കാരി മക്കളുടെ സംരക്ഷണയിലാണു കഴിയുന്നത്.

Exit mobile version