മോഡിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ചെന്നൈ: നരേന്ദ്രമോഡിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത് പ്രസംഗിച്ച തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് തമിഴ്‌നാട് ബിജെപി രംഗത്ത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുനടത്തിയ പ്രസംഗത്തിലാണ് കോണ്‍ഗ്രസ് നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. ന്യൂനപക്ഷവിഭാഗം മോഡിയെയും അമിത് ഷായെയും കൊന്നുകളയണമെന്നായിരുന്നു പ്രസംഗത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തത്.

‘പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആരും അത് ചെയ്യുന്നില്ല’ – എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രസംഗത്തില്‍ പറഞ്ഞത്. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്ത് എത്തി. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാണ് എച്ച് രാജ ആവശ്യപ്പെട്ടത്. മോശം പരാമര്‍ശം നടത്തുകമാത്രമല്ല കണ്ണന്‍ ചെയ്തത്, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും രാജ പറഞ്ഞു.

രാജയുടെ പരാതിയില്‍ തമിഴ്‌നാട് പോലീസ് കണ്ണനെതിരെ കേസെടുത്തു. കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാല് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ധര്‍ണ്ണ നടത്തുമെന്നും രാജ വ്യക്തമാക്കി.

Exit mobile version