എല്ലാക്കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാന്‍ പറ്റില്ലെന്ന് ബിജെപി; ശരിയാണ്, നിങ്ങളാണ് അതില്‍ പ്രഗത്ഭരെന്ന് കുറിക്കുകൊള്ളുന്ന മറുപടിയുമായി എഎപി

ന്യൂഡല്‍ഹി: എല്ലാക്കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാന്‍ പറ്റില്ലെന്ന പ്രകാശ് ജാവഡേക്കറുടെ ട്വീറ്റിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. ‘അത് സമ്മതിക്കുന്നു, നിങ്ങള്‍ പ്രാഗത്ഭ്യം തെളിയിച്ച മേഖലയാണ്’ എന്നായിരുന്നു ആം ആദ്മിയുടെ മറുപടി.

ഡല്‍ഹിയിലെ അനധികൃത കോളനിയിലെ നിവാസികള്‍ക്ക് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് ജാവഡേക്കര്‍ ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ചത്.

എല്ലാക്കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാന്‍ സാധിക്കില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി അരവിന്ദ് കെജ്രിവാളിന് സാധിക്കാത്തത് വെറും മൂന്നുമാസം കൊണ്ടാണ് മോഡി സര്‍ക്കാര്‍ സാധിച്ചെടുത്തതെന്നാണ് ജാവഡേക്കര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. ‘ജാവഡേക്കര്‍ പറഞ്ഞ കാര്യം സമ്മതിക്കുന്നു, നിങ്ങള്‍ പ്രാഗത്ഭ്യം തെളിയിച്ച മേഖലയാണ്’ എന്നായിരുന്നു എഎപിയുടെ തിരിച്ചടി.

Exit mobile version