ഡല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞ്; വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്. കനത്തമൂടല്‍ മഞ്ഞിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഡല്‍ഹി നഗരം അതികഠിനമായ ശൈത്യത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോവുന്നത്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയെക്കൂടാതെ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മുകശ്മീരിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.

അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മൂടല്‍ മഞ്ഞു മൂലം വിമാന സര്‍വീസുകളും ഗതാഗതവും തടസ്സപ്പെട്ടു. റോഡ് ഗതാഗതവും മൂടല്‍ മഞ്ഞു മൂലം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേയ്ക്ക് താഴ്ന്നത് ഡല്‍ഹിയെ ശ്വാസംമുട്ടിക്കുന്നുമുണ്ട്. തണുപ്പിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിച്ചതും കാറ്റിന്റെ വേഗതക്കുറവുമാണ് ഇതിന് കാരണം.

Exit mobile version