അമിത ധൂര്‍ത്ത്: ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡറെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: ധൂര്‍ത്ത് കാരണം ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡറെ തിരിച്ചുവിളിച്ചു. രേണു പല്‍നെയാണ് വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചത്. സാമ്പത്തിക ക്രമക്കേടിനും സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം ശേഷിക്കെയാണ് അടിയന്തിര നടപടി.

പ്രതിമാസം 15 ലക്ഷം രൂപ വാടക നല്‍കിയാണ് ഇവര്‍ ഓസ്ട്രിയയില്‍ കഴിഞ്ഞിരുന്നത്. ഇത് ധൂര്‍ത്താണെന്ന് സിവിസി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വിയന്നയിലെത്തിയാണ് തെളിവ് ശേഖരിച്ചത്.

കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ഇവരെ ഈ മാസം ആദ്യം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ഇന്ത്യയിലെത്തിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1988 ബാച്ച് ഐഎഫ്എസുകാരിയാണ് രേണു പല്‍. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വന്‍ തുകയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്തതിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാറിന് നഷ്ടമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version