യൂറോപ്പില്‍ ഭീതി വിടര്‍ത്തി വീണ്ടും കോവിഡ് : ഓസ്ട്രിയയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

വിയന്ന : യൂറോപ്പില്‍ ഭീതി വിടര്‍ത്തി കോവിഡ് വീണ്ടും. രോഗബാധ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ ഓസ്ട്രിയയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏഴ് ദിവസത്തിനിടെ 991 പേര്‍ എന്നതാണ് ഇവിടെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ശരാശരി എണ്ണം.

ഓസ്ട്രിയന്‍ ജനതയുടെ മൂന്നില്‍ രണ്ട് പേരാണ് ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഓസ്ട്രിയയിലാണെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച മുതലാണ് ലോക്ഡൗണ്‍ നിലവില്‍ വരിക. ഫെബ്രുവരി ഒന്നിനകം സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കുമെന്നാണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷാലെന്‍ബര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. വാക്‌സിനേഷന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ വിജയിച്ചില്ലെന്നും അവര്‍ പറഞ്ഞു.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജര്‍മനിയും ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നാലാം തരംഗം വ്യാപിച്ചതിനാല്‍ സാമൂഹ്യ സമ്പര്‍ക്കം കുറയ്ക്കണമെന്നും വാക്‌സിനേഷന്‍ കൊണ്ട് മാത്രം കോവിഡിനെ തടഞ്ഞ് നിര്‍ത്താനാവില്ലെന്നും ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചിരുന്നു.

Exit mobile version