‘ആദ്യം നിങ്ങള്‍ വിഐപി സുരക്ഷ ഒഴിവാക്കി, ഇപ്പോള്‍ നിങ്ങളുടെ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം യുപി പോലീസ് അവരോട് വളരെ മോശം രീതിയില്‍ പെരുമാറി’; പ്രിയങ്ക ഗാന്ധിയെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. നെഹ്‌റു-ഗാന്ധി കുടുംബത്തിലെ മകള്‍ക്ക് ഇത്തരമൊരു അനുഭവമാണെങ്കില്‍ രാജ്യത്തെ സാധാരണക്കാര്‍ എന്തുമാത്രം നേരിടേണ്ടിവരുമെന്ന് ചിന്തിക്കാന്‍ ഭയക്കുന്നുവെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ.

‘ആദ്യം നിങ്ങള്‍ അവരുടെ വിഐപി സുരക്ഷ ഒഴിവാക്കി. പിന്നാലെ എസ്പിജി സുരക്ഷയും എടുത്തുമാറ്റി. ഇപ്പോള്‍ നിങ്ങളുടെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം യുപി പോലീസ് അവരോട് വളരെ മോശം രീതിയില്‍ പെരുമാറി. ഇത് തീര്‍ത്തും അപലപനീയമാണ്’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ലക്‌നൗവില്‍ എത്തിയപ്പോഴായിരുന്നു പ്രിയങ്കയെ പോലീസ് കൈയ്യേറ്റം ചെയ്തത്. യുപി പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി അവര്‍ പിന്നീട് സിആര്‍പിഎഫിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

Exit mobile version