‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യാനുള്ള വേദിയാകുന്നത് മോഡി സര്‍ക്കാര്‍ അനുവദിക്കില്ല’; കേന്ദ്രമന്ത്രി രമേഷ് പൊക്രിയാല്‍

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് സര്‍വകലാശാലകളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യാനുള്ള വേദിയാകുന്നത് മോഡി സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ലെന്ന് മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. എല്ലാവര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇതില്‍ നിന്ന് മാറി നില്‍ക്കണം. കാരണം സര്‍വകലാശാലകളില്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരെ പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്ളതാണ്, അതുകൊണ്ട് തന്നെ മോഡി സര്‍ക്കാര്‍ ഒരു തരത്തിലും ഇത് അനുവദിച്ച് തരില്ല എന്നാണ് മന്ത്രി പറഞ്ഞത്.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് സര്‍വകലാശാലകളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി, ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജദവ്പൂര്‍ യൂണിവേഴ്‌സിറ്റി എന്നീ യൂണിവേഴ്‌സിറ്റികളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഇന്നത്തെ യുവാക്കള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നു. അത് നല്ല കാര്യമാണ്. അവര്‍ക്ക് രാജ്യത്തെ ഏത് നടപടിയെയും ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. അതിനെ ബഹുമാനിക്കുന്നവരാണ് ഭരണാധികാരികളെന്നുമാണ് മോഡി പറഞ്ഞത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് യുവാക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.

Exit mobile version