യുപിയിലെ ഓരോ അക്രമിയും ഭയന്നു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച പതിനായിരം പേര്‍ക്കെതിരെ കേസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത പതിനായിരം പേര്‍ക്കെതിരെ കേസെടുത്ത് യുപി പോലീസ്. അലീഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

ഡിസംബര്‍ പതിനഞ്ചിന് രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്. ഇതിനിടെ, പ്രതിഷേധക്കാരോട് പാക്കിസ്ഥാനില്‍ പോകാന്‍ മീററ്റ് എസ്പി അഖിലേഷ് സിങ് ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു.

അതേസമയം, പോലീസിന്റെ നടപടികളെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യായീകരിച്ചു. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെ ഓരോ പ്രക്ഷോഭകനും കരയുകയാണെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

അക്രമം അഴിച്ചുവിട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന നടപടികള്‍ തുടങ്ങിയതോടെ യുപിയിലെ ഓരോ അക്രമിയും ഭയന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനിടെ, കര്‍ണാടകയില്‍ എസ്ഡിപിഐയെ നിരോധിക്കാനുള്ള നീക്കം തുടങ്ങി.

Exit mobile version