പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; രാജ്യവ്യാപകറാലിക്ക് സോണിയ ഗാന്ധിയും രാഹുലും നേതൃത്വം നല്‍കും

ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി രാജ്യവ്യാപക റാലി സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി രാജ്യവ്യാപക റാലി സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ഡല്‍ഹിയില്‍ സോണിയ ഗാന്ധിയും അസമില്‍ രാഹുല്‍ ഗാന്ധിയും റാലിക്ക് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് സ്ഥാപകദിനമായ ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ഡല്‍ഹി
എഐസിസി ആസ്ഥാനത്ത് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തും. പ്രതിഷേധത്തില്‍ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.

പിസിസി ആസ്ഥാനങ്ങളിലും ചടങ്ങ് നടക്കും. പിസിസി അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സേവ് ഇന്ത്യ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് നടത്തും. തുടര്‍ന്ന് ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി.

Exit mobile version